വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി: സാമൂഹികമാധ്യമങ്ങൾക്ക് കർശനനിർദേശവുമായി കേന്ദ്രം
Saturday, October 26, 2024 6:45 PM IST
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഐടി മന്ത്രാലയം നിർദേശം നൽകി.
കഴിഞ്ഞ പത്തുദിവസങ്ങളില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങി വിവിധ എയര്‍ലൈനുകളുടെ 250 ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയുയര്‍ന്നത്. ഇവയില്‍ ഭൂരിഭാഗവും സാമൂഹികമാധ്യമങ്ങളിലൂടെയുള്ളവയായിരുന്നു. ഈ വ്യാജബോംബ് ഭീഷണികള്‍ കനത്ത നഷ്ടമാണ് വ്യോമയാന മേഖലയ്ക്ക് വരുത്തിയത്.
തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നാണ് നിര്‍ദേശം. അത് അറിയിക്കാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും ഐടിമന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.