ഇരുമ്പയിര് കടത്ത് കേസ്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴു വർഷം തടവ്
Saturday, October 26, 2024 5:49 PM IST
ബംഗളൂരു : അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം മറ്റ് ആറു പേരെയും കോടതി ശിക്ഷിച്ചു. ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതാണ് സതീഷ് കൃഷ്ണ സെയിലിനെതിരായ കേസ്.
ബെല്ലാരിയിൽ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്പയിര് കാർവാറിലെ ബെലെകെരി തുറമുഖം വഴിയാണ് കടത്തിയത്. തുച്ഛമായ റോയൽറ്റി മാത്രം നൽകി ഇരുമ്പയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ സർക്കാരിന് ഭീമമായ നഷ്ടമുണ്ടായി എന്നാണ് കേസ്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയത് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലായിരുന്നു.