തേങ്കുറിശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച
Saturday, October 26, 2024 12:02 PM IST
പാലക്കാട്: പാലക്കാട് തേങ്കുറിശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച. അനീഷ് കൊല്ലപ്പെട്ട കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചിരുന്നു.
കേസിൽ വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം ഒന്നും പറയാനില്ലെന്നായിരുന്നു ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ പ്രതികരണം.
2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. വിവാഹത്തിന്റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ് മരിച്ചത്. കേസിൽ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. പെയിന്റിംഗ് തൊലാളിയായ അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു.
ഡിസംബർ 25ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.