കോഴ വാഗ്ദാനം അറിഞ്ഞിട്ടും അനങ്ങിയില്ല; മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ്
Saturday, October 26, 2024 11:27 AM IST
തിരുവനന്തപുരം: ഇടത് എംഎൽഎ കോഴ വാഗ്ദാനം ചെയ്തെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ലെന്നും വിവരം മറച്ചുവച്ച മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ഏജൻസികളുടെ കേസിനെ ഭയന്നാണ് മുഖ്യമന്ത്രി ഒന്നിലും ഇടപെടാത്തതെന്നും സതീശൻ വിമർശിച്ചു.
ഇടതുപക്ഷ മുന്നണിയിലെ ഒരു എംഎൽഎ മുന്നണിയിലെതന്നെ മറ്റ് രണ്ട് എംഎൽഎമാർക്ക് 50 കോടി രൂപവീതം വാഗ്ദാനം ചെയ്ത് സംഘപരിവാർ മുന്നണിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. കോഴവാഗ്ദാനം ചെയ്ത് എംഎൽഎമാരെ കൊണ്ടുപോകാൻ ശ്രമിച്ചതിൽ ഒരു അന്വേഷണം പോലും ഇതുവരെ നടത്തിയില്ല. അപ്പോൾ മുഖ്യമന്ത്രി ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. സ്വന്തക്കാരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ഇതെന്നും സതീശൻ കുറ്റപ്പെടുത്തി.
സംഘപരിവാർ മുന്നണിയിലെ ഒരു കക്ഷി ഇപ്പോഴും ഇടതുമുന്നണിയിലുണ്ട്, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പാർട്ടി. കൃഷ്ണൻകുട്ടിയെ കൊണ്ട് രാജിവയ്പ്പിച്ചിട്ടില്ല. സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അവർക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ല. അവരെ പേടിച്ചും ഭയന്നുമാണ് മുഖ്യമന്ത്രി ഭരണം നടത്തുന്നത്.
കേന്ദ്ര ഏജൻസികളുടെ കേസുകാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. അതിനാണ് അജിത്കുമാറിനെ ദൂതനാക്കി ആർഎസ്എസ് നേതാക്കളുടെ അടുത്തേയ്ക്ക് വിടുന്നത്. പൂരം കലക്കി ബിജെപിയെ വിജയിപ്പിക്കാൻ നോക്കുന്നത്. മുഖ്യമന്ത്രിക്ക് ഭയമാണ്. ഭയമാണ് ഭരിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.