"ഒരാളെയും വേദനിപ്പിക്കുന്ന വാക്കുകള്‍ പറയരുത്'; കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പി.കെ. ശ്രീമതി
Saturday, October 26, 2024 10:28 AM IST
പാലക്കാട്: മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി പി.കെ. ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുത്. തന്നെ എത്രയോ തവണ മാധ്യമങ്ങള്‍ വിമര്‍ശിച്ചിച്ചിരിക്കുന്നു. എന്നിട്ടും താന്‍ ഒരിക്കലും മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
"ആരെയായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ പറയാന്‍ പാടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. പക്ഷേ ഏത് സന്ദര്‍ഭത്തിലാണ് കൃഷ്ണദാസിന്റെ വായില്‍ നിന്ന് വന്നത്, മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നതും അറിയണം. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തോട് അന്വേഷിക്കട്ടെ.'- ശ്രീമതി പറഞ്ഞു.
പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കിയിരുന്നു.
അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നേരത്തെയും കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറയുകയായിരുന്നു. "നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്മാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാര്‍ട്ടിയിലെ കാര്യം തങ്ങള്‍ തീര്‍ത്തോളാമെന്നും'- കൃഷ്ണദാസ് പറഞ്ഞിരുന്നു.