"അബദ്ധത്തില്‍ പറഞ്ഞതല്ല, ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍'; അധിക്ഷേപ പരാമര്‍ശത്തിലുറച്ച് എന്‍.എന്‍. കൃഷ്ണദാസ്
Saturday, October 26, 2024 10:06 AM IST
പാലക്കാട്: മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള നായ പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചത്.
ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണ് മാധ്യമങ്ങള്‍ അബ്ദുള്‍ ഷുക്കൂറിന്റെ വീടിനുമുന്നില്‍ കാവല്‍ നിന്നത് എന്നായിരുന്നു പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള കൃഷ്ണദാസിന്റെ പരാമര്‍ശം.
അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാല്‍, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്കി. അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്നത്തില്‍ നേട്ടം കണ്ടെത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്നും കൃഷ്ണദാസ് പറഞ്ഞു. വിമര്‍ശനങ്ങളെ താന്‍ ശ്രദ്ധിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്ന് താന്‍ പേരെടുത്ത് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തിപരമല്ല.
പട്ടികളെന്ന് മാധ്യമങ്ങള്‍ക്ക് തോന്നിയാല്‍ തനിക്ക് ഒന്നുംചെയ്യാന്‍ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങള്‍ എന്തിനാണ് ഷുക്കൂറിന്റെ വീട്ടില്‍ പോയതെന്നും സിപിഎമ്മുകാരന്റെ വീട്ടില്‍ അങ്ങനെ എല്ലാര്ക്കും പോകാന്‍ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഷുക്കൂറിനെ തങ്ങളില്‍ നിന്ന് അടര്‍ത്തിക്കൊണ്ട് പോകാന്‍ വന്നവരെയാണ് താന്‍ പട്ടികളോട് ഉപമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം.
അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നേരത്തെയും കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറയുകയായിരുന്നു. "നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്മാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാര്‍ട്ടിയിലെ കാര്യം തങ്ങള്‍ തീര്‍ത്തോളാമെന്നും'- കൃഷ്ണദാസ് പറഞ്ഞിരുന്നു.