നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്; കൃഷ്ണദാസിനെ ന്യായീകരിച്ച് ഗോവിന്ദൻ
Saturday, October 26, 2024 10:04 AM IST
തിരുവനന്തപുരം: മാധ്യമങ്ങളെ അധിക്ഷേപിച്ച സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസിനെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് മാധ്യമങ്ങൾക്ക് തന്നെ കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇവയെന്നും ഗോവിന്ദൻ പറഞ്ഞു.
പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിനു പിന്നാലെയാണു കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു രംഗത്തെത്തിയത്.
ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍.എന്‍. കൃഷ്ണദാസിനോടു പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപപരാമര്‍ശം. ഇറച്ചിക്കടയ്ക്കുമുന്നില്‍ പട്ടികള്‍ നിന്നതുപോലെ ഷുക്കൂറിന്റെ വീടിനുമുന്നില്‍ രാവിലെമുതല്‍ നിന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം.
ആയിരക്കണക്കിന് ആളുകളുടെ ചോരകൊണ്ടുണ്ടാക്കിയ പാര്‍ട്ടിയാണ്. ഷുക്കൂറിന്റെ ഒരുതുള്ളി ചോരയും ഈ പാര്‍ട്ടിയിലുണ്ട്. സിപിഎമ്മില്‍ പൊട്ടിത്തെറി, പൊട്ടിത്തെറി എന്നുരാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ചു തലതാഴ്ത്തുക. ഷൂക്കൂറിന്റെ വീടിനുമുന്നില്‍ ഇറച്ചിക്കടയ്ക്കുമുന്നില്‍ പട്ടികള്‍ നില്ക്കുംപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തുക. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.