പണിപാളി; രണ്ടാം ടെസ്റ്റിൽ കിവീസിന് മേൽക്കൈ
Friday, October 25, 2024 6:24 PM IST
പൂന: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പതറുന്നു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 156 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ന്യൂസിലാന്‍ഡിന് നിലവില്‍ 301 റണ്‍സ് ലീഡുണ്ട്.
30 റണ്‍സുമായി ടോം ബ്ലണ്ടലും ഒമ്പതു റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സുമാണ് ക്രീസില്‍. 86 റൺസ് നേടി ടോം ലാഥം കിവീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദർ നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം 16-1 എന്ന നിലയിൽ ക്രീസിലെത്തിയ ഇന്ത്യ 156 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റനറാണ് ഇന്ത്യയെ തകര്‍ത്തത്.
38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മന്‍ ഗില്‍ (30), യശസ്വി ജയ്സ്വാള്‍ (30), ഋഷഭ് പന്ത് (18), വാഷിംഗ്ടൺ സുന്ദർ (18), സർഫറാസ് ഖാൻ (11) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ന്യൂസിലൻഡിനെ പിടിച്ചു കെട്ടാം എന്ന തന്ത്രം ഇന്ത്യയ്ക്കു തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് പൂനെയിൽ കാണുന്നത്.
ആദ്യ ടെസ്റ്റ് വിജയിച്ച ന്യൂസിലൻഡ് മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയിൽ 1-0 മുന്നിലാണ്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കും.