കോഴ ആരോപണം; തോമസ് കെ.തോമസ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നു: ആന്റണി രാജു
Friday, October 25, 2024 5:15 PM IST
തിരുവനന്തപുരം: തോമസ് കെ.തോമസ് എംഎൽഎയെ വിമർശിച്ച് മുൻ മന്ത്രി ആന്റണി രാജു. താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് തെറ്റാണ്. താൻ പറഞ്ഞാൽ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയൻ. കോഴ ആരോപണത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.
മുന്നണിയിലുള്ള ആളായതിനാൽ തോമസ് കെ.തോമസിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാനും കോവൂർ കുഞ്ഞുമോനും ഒരു ബ്ലോക്കായി ഇരിക്കുന്നുവെന്നത് ശരിയല്ല. മാധ്യമങ്ങൾക്ക് മുന്നിൽ എല്ലാം പറയാൻ എനിക്ക് പരിമിതികളുണ്ട്. ഇന്നത്തെ വാർത്തയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്.
എനിക്കു അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്. മുന്നണിയിലുള്ള ആളെന്ന നിലയിൽ എല്ലാം തുറന്നു പറയാൻ കഴിയില്ല. പറയേണ്ട സാഹചര്യം വന്നാൽ എല്ലാം തുറന്നു പറയും. അന്വേഷണം വേണമെന്ന് തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു വ്യക്തമാക്കി.