സരിന് പിന്തുണ; സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറി എ.കെ. ഷാനിബ്
Friday, October 25, 2024 3:41 PM IST
പാലക്കാട്: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാലക്കാട്ട് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ് മത്സരത്തിൽ നിന്നു പിന്മാറി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന് നിരുപാധിക പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഷാനിബ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പി. സരിനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷാനിബിന്റെ പിന്മാറ്റം. തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നും ഷാനിബ് പറഞ്ഞു.
താന്‍ കോണ്‍ഗ്രസുകാരനാണ്. ഏതെങ്കിലും തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ, കോണ്‍ഗ്രസിനകത്തെ തെറ്റായ പ്രവണത തിരുത്തുന്നതിനുവേണ്ടിയാണ് സരിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.