എഡിഎമ്മിന്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘം, കണ്ണൂർ റേഞ്ച് ഡിഐജിക്ക് മേല്‍നോട്ട ചുമതല
Friday, October 25, 2024 3:17 PM IST
തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ട ചുമതല വഹിക്കും. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് നിർദേശം.
കണ്ണൂര്‍ എസിപി രാജ്കുമാര്, കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, സിറ്റിയിലെ മറ്റൊരു എസ്എച്ച്ഒ സനല്‍കുമാര്‍, എസ്ഐ രേഷ്മ, സൈബര്‍ സെല്‍ എസ്ഐ ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിലവിൽ കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം പുരോഗമിക്കുകയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയ സാഹചര്യത്തിലാണ് ഉന്നത പോലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി.വി. പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി.പി. ദിവ്യയ്ക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം.