കുറ്റകൃത്യത്തെ സമുദായത്തിന്റെ പെടലിക്ക് വച്ചുകെട്ടേണ്ട: മലപ്പുറം വിഷയത്തിൽ മുഖ്യമന്ത്രി
Friday, October 25, 2024 1:59 PM IST
ചേലക്കര: മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം അവിടെ ആയതാണ്. ഇക്കാര്യം പറഞ്ഞാൽ അതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മലപ്പുറം ജില്ലയിൽ ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേത് ജില്ലയിലെ കുറ്റകൃത്യം പോലെ തന്നെയാണ്. ഒരു സമുദായത്തിന്റെ കുറ്റകൃത്യമല്ല അത്. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം. അത് സമുദായത്തിന്റെ പെടലിക്ക് വയ്ക്കേണ്ടതില്ല. അങ്ങനെയൊരു നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും ചേലക്കരയിൽ എൽഡിഎഫ് കൺവൻഷനിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാറാണ്. കോൺഗ്രസും അവർക്കൊപ്പം കൂടി. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ സംഘപരിവാർ പൂർണമായും എതിർത്തു. കോൺഗ്രസും എതിർത്തു. കൊച്ചുപാക്കിസ്ഥാൻ എന്നുവിളിച്ചത് ആരായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.