കോൺഗ്രസിന് നാലുവോട്ടിന് അവസരവാദ നിലപാട്, വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത് ഇവിടെ നടക്കില്ല: മുഖ്യമന്ത്രി
Friday, October 25, 2024 1:26 PM IST
തൃശൂർ: വർഗീയത സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നുവെന്നും നാലുവോട്ടിന് വേണ്ടി അവസരവാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണമെന്നും ചേലക്കരയിൽ എൽഡിഎഫ് കൺവൻഷനിൽ മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വച്ചു. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. കോൺഗ്രസ് വർഗീയതയുടെ ആടയാഭരണങ്ങൾ എടുത്തണിയുകയാണ്. കോൺഗ്രസിനും ലീഗിനും വർഗീയതയ്ക്കെതിരെ നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളം വർഗീയതയില്ലാത്ത നാടല്ല, വർഗീയ സംഘർഷമില്ലാത്ത നാടാണ്. വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാത്ത നാടാണ് കേരളം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാടാഗ്രഹിക്കുന്ന രീതിയിലുള്ള സമാധാനം നൽകാൻ സാധിക്കൂ. എൽഡിഎഫിന് അതിന് കഴിയുന്നു. കോൺഗ്രസിനും ബിജെപിക്കും അത്രകണ്ട് ഈ രീതി സമീപിക്കാൻ സാധിക്കില്ല. നാടിന്റെ സ്വൈര്യവും ശാന്തിയും സമാധാനവും നിലനിർത്താൻ കഴിയുന്നത് എൽഡിഎഫിന് കീഴിൽ മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു.
കോൺഗ്രസിനും ലീഗിനും വർഗീയതയ്ക്കെതിരെ നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയോട് എൽഡിഎഫിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. എന്നാൽ തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്തുപിടിച്ചു. മുസ്ലിം ലീഗ് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ചേർത്തു പിടിക്കുന്നത് അവരുടെ തന്നെ ശോഷണത്തിന് വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം നൽകിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി വന്നുപോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ന്യായമായ സഹായം ഇതുവരെ ലഭിച്ചില്ല. ദുരന്തമുണ്ടായ മറ്റിടങ്ങളിൽ സഹായം നൽകി. കേരളം നശിക്കട്ടെ, കേരളം മുന്നോട്ടുപോകാൻ പാടില്ലെന്നതാണ് നിലപാട്. കേന്ദ്ര വാഗ്ദാനത്തിൽ വിശ്വസിച്ച് നമ്മൾ കാത്തുനിൽക്കുകയാണ്. എന്തുകൊണ്ടാണ് ഇരട്ടത്താപ്പെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.