ഇന്നും കുറഞ്ഞാൽ കുറച്ചിലാകും! സ്വർണവില തിരിച്ചുകയറുന്നു
Friday, October 25, 2024 12:19 PM IST
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ വീഴ്ചയ്ക്കു ശേഷം സ്വർണവില തിരിച്ചുകയറുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 58,360 രൂപയിലും ഗ്രാമിന് 7,295 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ചുരൂപ കൂടി 6,015 രൂപയിലെത്തി.
കഴിഞ്ഞ ആഴ്ചയിലെ കുത്തനെയുള്ള വർധനയ്ക്കു ശേഷം സ്വർണവില വ്യാഴാഴ്ച കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വർധിച്ചിരുന്നു. രണ്ടാഴ്ച കൊണ്ട് പവന് 2,520 രൂപയും ഗ്രാമിന് 315 രൂപയും കൂടി. 59,000 രൂപയെന്ന നാഴികക്കല്ലിലേക്ക് വെറും 280 രൂപയുടെ അകലം മാത്രമുണ്ടായിരുന്നപ്പോഴാണ് വ്യാഴാഴ്ച വില താഴേക്കുപോയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച 2,726 ഡോളർ വരെയും ഇന്ന് 2,725 ഡോളറിലേക്കും താഴ്ന്ന രാജ്യാന്തര സ്വർണവില ഇപ്പോൾ 2,727 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.