നൂറിനു മുമ്പേ ആറെണ്ണം പോയി; കിവീസ് സ്പിൻകെണിയിൽ വീണ് ഇന്ത്യ
Friday, October 25, 2024 11:41 AM IST
പൂന: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം ആദ്യ സെഷനിൽ 95 റൺസിനിടെ ആറുവിക്കറ്റുകൾ നഷ്ടമായി. കോഹ്ലിയും രോഹിതുമടക്കമുള്ള മുൻനിര ബാറ്റർമാർ പരാജയമായതോടെയാണ് ഇന്ത്യ തകർച്ചയെ നേരിട്ടത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറിന് 99 റൺസെന്ന നിലയിലാണ് ഇന്ത്യ. ഒമ്പതു റൺസുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ആർ. അശ്വിനുമാണ് ക്രീസിൽ. മൂന്നു വിക്കറ്റെടുത്ത മിച്ചൽ സാന്റ്നറും രണ്ടുവിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ ഫിലിപ്സുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വീഴ്ത്തിയത്.
ഒന്നിന് 16 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ശുഭ്മൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 30 റൺസെടുത്ത ഗിൽ സാന്റ്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് പ്രതീക്ഷകൾ തോളിലേറ്റി ക്രീസിലെത്തിയ വിരാട് കോഹ്ലിയെയും പുറത്താക്കി സാന്റ്നർ ഇന്ത്യയെ ഞെട്ടിച്ചു. ഒമ്പത് പന്തുകള്‍ നേരിട്ട് ഒരു റൺ മാത്രമെടുത്ത കോഹ്ലി അനാവശ്യ ഷോട്ടിന് ശ്രമിച്ച് ബൗള്‍ഡാവുകയായിരുന്നു. ഇതോടെ, മൂന്നിന് 56 റൺസെന്ന നിലയിലായി ഇന്ത്യ.
പിന്നീട് ക്രീസിൽ പിടിച്ചുനിന്ന യശസ്വി ജയ്സ്വാൾ (30) ഋഷഭ് പന്തിനെ (18) കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ ഇരുവരെയും പുറത്താക്കി ഗ്ലെൻ ഫിലിപ്സ് കിവീസിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെയെത്തിയ സർഫറാസ് ഖാനെ (11) സാന്റ്നർ ഒറൂർക്കിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ആറിന് 95 റൺസെന്ന നിലയിൽ തകർച്ചയുടെ പടുകുഴിയിലായി.
നേരത്തെ, ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 259ന് അവസാനിച്ചിരുന്നു. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്കോറര്‍. രചിന് രവീന്ദ്ര 65 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴു വിക്കറ്റും അശ്വിൻ മൂന്നു വിക്കറ്റും വീഴ്ത്തി.