ടിക്കറ്റെടുക്കാൻ പറഞ്ഞു; തമിഴ്നാട്ടില്‍ യാത്രക്കാരന് ബസ് കണ്ടക്ടറെ ഇടിച്ചുകൊന്നു
Friday, October 25, 2024 8:55 AM IST
ചെന്നൈ: ചെന്നൈയില്‍ യാത്രക്കാരന്റെ ആക്രമണത്തിനിരയായി സര്‍ക്കാര്‍ ബസ് കണ്ടക്ടര്‍ കൊല്ലപ്പെട്ടു. സൈദാപേട്ട ചിന്ന മൗണ്ട് വാത്തിയാര് എസ്റ്റേറ്റ് സ്വദേശി ജഗന് കുമാര്‍ (52) ആണ് മരിച്ചത്. സംഭവത്തില്‍ വെല്ലൂര്‍ സ്വദേശി ഗോവിന്ദന് (53) പോലീസ് പിടിയിലായി.
കഴിഞ്ഞദിവസം വൈകുന്നേരം ഭാരതിനഗറില്‍ നിന്ന് കോയമ്പേടിലേക്കുള്ള സര്‍ക്കാര്‍ ബസിലാണ് സംഭവം. ഗോവിന്ദനോട് ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വഴക്കാരംഭിച്ചത്. പ്രകോപിതനായ ഗോവിന്ദന് കണ്ടക്ടര്‍ ജഗന് കുമാറിനെ മര്‍ദിച്ചു.
തുടര്‍ന്ന് കണ്ടക്ടര്‍ ബസില്‍ തളര്‍ന്നുവീണു. ഇരുവരേയും കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജഗന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അമിഞ്ചിക്കരൈ പോലീസ് കൊലപാതക്കുറ്റത്തിന് ഗോവിന്ദനെ അറസ്റ്റ് ചെയ്തു. സംഭവസമയം പ്രതി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.
ജഗന്റെ മരണത്തെതുടര്‍ന്ന് എംടിസി ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. തങ്ങള്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിത്തരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.