സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പീഡന പരാതി; കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി
Friday, October 25, 2024 8:27 AM IST
പൊന്നാനി: മലപ്പുറം മുന്‍ എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പീഡന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. പീഡന പരാതിയില്‍ നടപടി വൈകുന്നതിനെത്തുടര്ന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിഷയത്തില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു.