അന്തരീക്ഷ മലിനീകരണം രൂക്ഷം; പ്രഭാത നടത്തം അവസാനിപ്പിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
Friday, October 25, 2024 1:10 AM IST
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിക്കുന്നതിനാൽ പ്രഭാത നടത്തം നിർത്തിയതായി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്. വ്യാഴാഴ്ച സുപ്രീംകോടതിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഞാൻ ഇന്ന് മുതൽ പ്രഭാത നടത്തത്തിന് പോകുന്നത് നിർത്തി, ഞാൻ സാധാരണയായി പുലർച്ചെ നാല് മുതൽ 4.15 വരെ നടക്കാൻ പോകും. വീടിനുള്ളിൽ തന്നെ തുടരുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിന് നല്ലതാണെന്നും രാവിലെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിച്ചതായും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു.
അതേസമയം, ആവശ്യമായ മലിനീകരണ വിരുദ്ധ നടപടികൾ സംസ്ഥാനങ്ങൾ പാലിക്കാത്തതിൽ കേന്ദ്രസർക്കാരിനെയും പഞ്ചാബ്, ഹരിയാന സർക്കാരുകളേയും സുപ്രീംകോടതി വിമർശിച്ചിരുന്നു.