പോലീസിന്റെ വാദം തള്ളി; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ്
Thursday, October 24, 2024 5:43 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് കോടതി ഇളവ് നൽകിയത്.
പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായതിനാലാണ് രാഹുലിന് ഇളവ് നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളിൽ സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്.
ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെ പോലീസ് എതിർത്തിരുന്നു. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്ന് കാണിച്ച് മ്യൂസിയം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഈ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് ഇളവ് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.