ഏഴുവിക്കറ്റുമായി വാഷിംഗ്ടൺ സുന്ദറിന്റെ തേരോട്ടം; കിവീസ് 259നു പുറത്ത്
Thursday, October 24, 2024 4:00 PM IST
പൂന: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് 259 റൺസിനു പുറത്ത്. ഏഴുവിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറും മൂന്നുവിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനും ചേർന്നാണ് കിവികളെ ഒതുക്കിയത്.
23.1 ഓവറിൽ 59 റൺസ് മാത്രം വഴങ്ങിയാണ് വാഷിംഗ്ടൺ സുന്ദറിന്റെ ഏഴുവിക്കറ്റ് പ്രകടനം. അതേസമയം, അശ്വിൻ 64 റൺസ് വഴങ്ങിയാണ് മൂന്നുവിക്കറ്റ് വീഴ്ത്തിയത്. അർധസെഞ്ചുറി നേടിയ ഡെവൺ കോൺവേ (76), രചിൻ രവീന്ദ്ര (65) എന്നിവരാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്.
പൂനയിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് 32 റൺസെടുക്കുന്നതിനിടെ നായകൻ ടോം ലാഥത്തെ നഷ്ടമായി. എട്ടാമോവറിൽ അശ്വിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ വിൽ യംഗുമായി ചേർന്ന് ഡെവൺ കോൺവേ സ്കോർ ഉയർത്തി.
സ്കോർ 76ൽ നില്ക്കെ യംഗിനെ വിക്കറ്റിനു പിന്നിൽ പന്തിന്റെ കൈകളിലെത്തിച്ച് അശ്വിൻ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് രചിൻ രവീന്ദ്രയെ കൂട്ടുപിടിച്ച കോൺവേ ഇതിനിടെ അർധസെഞ്ചുറി തികച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ സ്കോർ 138 റൺസിൽ നില്ക്കെ, സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോൺവേയെ വീഴ്ത്തി അശ്വിൻ വീണ്ടും രക്ഷകനായി. 141 പന്തിൽ 11 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോൺവേയുടെ ഇന്നിംഗ്സ്.
തുടർന്ന് ക്രീസിൽ ഒന്നിച്ച രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്ന് ശ്രദ്ധയോടെ ബാറ്റ് വീശി. ഇരുവരും നാലാം വിക്കറ്റിൽ 59 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ സ്കോർ 197 റൺസിൽ നില്ക്കെ രചിൻ രവീന്ദ്രയെ (65) പുറത്താക്കി വാഷിംഗ്ടൺ സുന്ദർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാലു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ടോം ബ്ലണ്ടലിനെയും (മൂന്ന്) സുന്ദർ പുറത്താക്കിയതോടെ കിവീസ് അഞ്ചിന് 201 റൺസെന്ന നിലയിലായി.
പിന്നീട് കാണുന്നത് വാഷിംഗ്ടൺ സുന്ദറിന്റെ തേരോട്ടമാണ്. ഡാരിൽ മിച്ചൽ (18), ഗ്ലെൻ ഫിലിപ്സ് (ഒമ്പത്), മിച്ചൽ സാന്റ്നർ (33), ടിം സൗത്തി (അഞ്ച്), അജാസ് പട്ടേൽ (നാല്) എന്നിവരെയും കൃത്യമായ ഇടവേളകളിൽ പുറത്താക്കിയ സുന്ദർ കിവീസിന്റെ തകർച്ച പൂർത്തിയാക്കി.