എഡിഎമ്മിന്റെ മരണം: ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ചൊവ്വാഴ്ച
Thursday, October 24, 2024 3:45 PM IST
തലശേരി: കണ്ണൂര് എഡിഎം നവീന് ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഉത്തരവ് ചൊവ്വാഴ്ച. ഹർജിയിൽ ഇന്ന് വാദം പൂർത്തിയായി ഉത്തരവ് പറയാൻ മാറ്റുകയായിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ നവീൻ ബാബുവിന്റെ കുടുംബവും സർക്കാരും ശക്തമായി കോടതിയിൽ എതിർത്തു.
എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചു. പെട്രോൾ പമ്പ് ബെനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിനുശേഷവും നവീൻ ബാബുവിനെ താറടിച്ച് കാണിക്കുകയാണ്. വിജിലൻസ് അന്വേഷണം ആരംഭിച്ചുവെന്ന് തെറ്റായ വാദമാണെന്നും കുടുംബം കോടതിയെ അറിയിച്ചു.
നവീന്റെ ബാബുവിനെതിരായ പരാതിയിലെ വൈരുദ്ധ്യം കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പാരാതിയിലെ പേരും ഒപ്പും വ്യത്യാസമുണ്ട്. അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗികമായാണ്. അത് ചെയ്യാതെ വ്യക്തിഹത്യ നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.
പ്രശാന്തും ദിവ്യയും ഒരേ കൂട്ടുകെട്ടിന്റെ ഭാഗമാണ്. പെട്രോൾ പന്പുമായുള്ള ദിവ്യയുടെ ബന്ധം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെട്രോൾ പന്പിന്റെ അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരില്ല. പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടുവെന്ന് കുടുംബം ചോദിച്ചു.
നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് വൈരാഗ്യത്തിനു കാരണം. യാത്രയയ്പ്പിനിടെ ചിത്രീകരിച്ച വീഡിയോ പത്തനംതിട്ടിയിൽ അടക്കം പ്രചരിച്ചു. എഡിഎം വേദിയിൽ മറുപടി പറയാതിരുന്നത് നവീന്റെ മാന്യതയാണ്. ദിവ്യയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കുറ്റം ഗൗരവതരമെന്നും കുടുംബം കോടതിയിൽ വാദിച്ചു.
അതേസമയം അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് താനെന്ന് പി.പി. ദിവ്യ കോടതിയിൽ വാദിച്ചു. എഡിഎം നവീൻ ബാബുവിനെ കുറിച്ച് പറഞ്ഞത് തെറ്റാണെങ്കിൽ അദ്ദേഹം എന്തുകൊണ്ട് മിണ്ടിയില്ല. അത്ര വിശുദ്ധനെങ്കിൽ ഇടപെടാമായിരുന്നുവെന്നും മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതോടെയാണ് ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഉത്തരവാദിത്തങ്ങൾ ഏറെയുള്ള പൊതുപ്രവർത്തകയാണ് താൻ. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കെ. വിശ്വൻ വാദിച്ചു.
അഴിമതിക്കെതിരായ പ്രചാരണത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങൾ പരാതി പറയാറുണ്ട്. എഡിഎമ്മിനെതിരെ രണ്ട് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയാൽ മിണ്ടാതിരിക്കണോ ?. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവർത്തകയുടെ ഉത്തരവാദിത്വമാണ്.
അഴിമതിക്കെതിരായ സന്ദേശമെന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്താൻ രാഷ്ട്രീയ സമ്മർദം കാരണമാകരുത്. താൻ മാധ്യമ വേട്ടയുടെ ഇരയാണെന്നും ദിവ്യ കോടതിയിൽ വാദിച്ചു.
കളക്ടർ അനൗപചരികമായി എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. യാത്രയയപ്പ് ഉണ്ട്, അതിൽ ഉണ്ടാകില്ലേയെന്ന് ചോദിച്ചു. കളക്ടറെ ഫോണിൽ വിളിച്ച് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും ദിവ്യ കോടതിയെ അറിയിച്ചു.
ചടങ്ങിൽ അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് സംസാരിച്ചത്. അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. ദിവ്യയുടെ പ്രസംഗവും അഭിഭാഷകൻ കോടതിയിൽ വായിച്ചു കേൾപ്പിച്ചു.
എഡിഎം പ്രശ്നകാരനാണെന്ന് പറഞ്ഞിട്ടില്ല. അഴിമതി നടത്തരുതെന്ന് അഭ്യർഥിക്കുകയാണ് ചെയ്തത്. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യയ്ക്ക് കാരണമാകുമോ എന്നും ദിവ്യ ചോദിച്ചു. ആത്മഹത്യ അല്ല മാർഗം. നവീൻ ബാബുവിന് പല മാർഗങ്ങളും സ്വീകരിക്കാമായിരുന്നു. പ്രസംഗം കഴിഞ്ഞ് കുറേ സമയം കഴിഞ്ഞാണ് നവീൻ ജീവനൊടുക്കിയത്.
പൊതുപരിപാടിലാണ് പങ്കെടുത്തത്. നടന്നത് രഹസ്യ യോഗം അല്ല. പരിപാടിയിൽ ഒരു മാധ്യമം വന്നതിൽ എന്താണ് തെറ്റെന്നും ദിവ്യ ചോദിച്ചു. താൻ പറയുന്നത് എല്ലാവരും അറിയാനാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്റെ കുടുംബം പ്രതിസന്ധിയിലായി. മുൻകൂർ ജാമ്യം നൽകണമെന്നും അതിന് ഏത് ഉപാധിയും അംഗീകരിക്കാൻ തയാറാണെന്നും ദിവ്യ കോടതിയെ അറിയിച്ചു.
ദിവ്യയുടെ വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷനും രംഗത്തെത്തി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എഡിഎമ്മിന്റെ മരണകാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്.
10 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തത്. ദിവ്യയുടെ പ്രസംഗത്തിൽ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. രണ്ട് ദിവസത്തിൽ വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന് ഉദാഹരണമായിരുന്നു. മാധ്യമങ്ങളെ വിളിച്ചുവരുത്തിയത് ഇതേ ഉദ്ദേശത്തിലായിരുന്നുവെന്നും പ്രോസിക്യുഷൻ വാദിച്ചു.
പ്രസംഗം റെക്കോർഡ് ചെയ്തതും ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ചുവാങ്ങിയിരുന്നു. ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടർ പറഞ്ഞിരുന്നു. കളക്ടറോട് എഡിഎമ്മിനെക്കുറിച്ച് ദിവ്യ പരാതി പറഞ്ഞിരുന്നു. എന്നാൽ അഴിമതി ആരോപണം യാത്രയയ്പ്പ് ചടങ്ങിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴി ഉണ്ട്. യോഗം ആരോപണത്തിനുള്ള സ്ഥലമല്ലെന്ന് കളക്ടർ പറഞ്ഞു.
പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്സിലാണ്. ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ല. ദിവ്യയ്ക്കു പരാതിയുണ്ടെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർക്ക് നൽകാമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. അതിനാൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.