ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി: ഇടവേള ബാബുവിനെതിരായ കേസിന് സ്റ്റേ
Thursday, October 24, 2024 3:26 PM IST
കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തുവന്ന ആരോപണത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ നടപടികളാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ എതിർ കക്ഷിയായ നടിക്ക് നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് എ. ബദറുദീൻ ഉത്തരവിട്ടിട്ടുണ്ട്.
സിനിമയിലെ അവസരത്തിനും താരസംഘടനയായ അമ്മയിലെ അംഗത്വത്തിനും തന്റെ താത്പര്യത്തിന് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.