കൊടുങ്കാറ്റായി സാജിദ് ഖാൻ; റാവൽപിണ്ടിയിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
Thursday, October 24, 2024 2:21 PM IST
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 156 റൺസെടുക്കുന്നതിനിടെ ആറുവിക്കറ്റുകൾ നഷ്ടമായി. 31 റൺസുമായി ജാമി സ്മിത്തും 14 റൺസുമായി ഗസ് അറ്റ്കിൻസണുമാണ് ക്രീസിൽ. നാലുവിക്കറ്റ് വീഴ്ത്തിയ സാജിദ് ഖാനാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ സാക്ക് ക്രൗളിയും (29) ബെൻ ഡക്കറ്റും (52) ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, ക്രൗളിയെ സയിം അയൂബിന്റെ കൈകളിലെത്തിച്ച് നൊമാൻ അലി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. സ്കോർ 70 റൺസിൽ നില്ക്കെ ഒല്ലി പോപ്പിനെ (മൂന്ന്) വിക്കറ്റിനു മുന്നിൽ കുടുക്കി സജിദ് ഖാൻ വരവറിയിച്ചു. 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ജോ റൂട്ടിനെയും (അഞ്ച്) സാജിദ് ഖാൻ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.
എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. മികച്ച ഫോമിൽ ക്രീസിലുണ്ടായിരുന്ന ബെൻ ഡക്കറ്റിനെ അർധസെഞ്ചുറിക്കു പിന്നാലെ നൊമാൻ അലി വിക്കറ്റിനു മുന്നിൽ കുടുക്കി. തൊട്ടടുത്ത ഓവറിൽ ഹാരി ബ്രൂക്കിനെ (അഞ്ച്) സാജിദ് ഖാൻ ബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 98 റൺസെന്ന നിലയിൽ തകർന്നു.
തുടർന്ന് ബെൻ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ജാമി സ്മിത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ സ്കോർ 118 റൺസിൽ നില്ക്കെ സ്റ്റോക്സിനെ (12) ആഘ സൽമാന്റെ കൈകളിലെത്തിച്ച് സാജിദ് ഖാൻ വീണ്ടും പ്രഹരമേല്പിച്ചു.
21 ഓവറിൽ 78 റൺസ് വഴങ്ങിയാണ് സാജിദ് ഖാൻ നാലുവിക്കറ്റ് വീഴ്ത്തിയത്. നൊമാൻ അലി 72 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.