താൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് എഡിഎം മിണ്ടിയില്ല: പി.പി. ദിവ്യ കോടതിയിൽ
Thursday, October 24, 2024 12:55 PM IST
തലശേരി: അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് താനെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ. എഡിഎം നവീൻ ബാബുവിനെ കുറിച്ച് പറഞ്ഞത് തെറ്റാണെങ്കിൽ അദ്ദേഹം എന്തുകൊണ്ട് മിണ്ടിയില്ല. അത്ര വിശുദ്ധനെങ്കിൽ ഇടപെടാമായിരുന്നുവെന്നും മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനിടെ ദിവ്യ കോടതിയിൽ വാദിച്ചു.
എഡിഎമ്മിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതോടെയാണ് ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഉത്തരവാദിത്തങ്ങൾ ഏറെയുള്ള പൊതുപ്രവർത്തകയാണ് താൻ. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കെ. വിശ്വൻ വാദിച്ചു.
അഴിമതിക്കെതിരായ പ്രചാരണത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങൾ പരാതി പറയാറുണ്ട്. എഡിഎമ്മിനെതിരെ രണ്ട് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയാൽ മിണ്ടാതിരിക്കണോ ?. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവർത്തകയുടെ ഉത്തരവാദിത്വമാണ്.
അഴിമതിക്കെതിരായ സന്ദേശമെന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്താൻ രാഷ്ട്രീയ സമ്മർദം കാരണമാകരുത്. താൻ മാധ്യമ വേട്ടയുടെ ഇരയാണെന്നും ദിവ്യ കോടതിയിൽ വാദിച്ചു.
കളക്ടർ അനൗപചരികമായി എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. യാത്രയയപ്പ് ഉണ്ട്, അതിൽ ഉണ്ടാകില്ലേയെന്ന് ചോദിച്ചു. കളക്ടറെ ഫോണിൽ വിളിച്ച് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും ദിവ്യ കോടതിയെ അറിയിച്ചു.
ചടങ്ങിൽ അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് സംസാരിച്ചത്. അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. ദിവ്യയുടെ പ്രസംഗവും അഭിഭാഷകൻ കോടതിയിൽ വായിച്ചു കേൾപ്പിച്ചു.
എഡിഎം പ്രശ്നകാരനാണെന്ന് പറഞ്ഞിട്ടില്ല. അഴിമതി നടത്തരുതെന്ന് അഭ്യർഥിക്കുകയാണ് ചെയ്തത്. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യയ്ക്ക് കാരണമാകുമോ എന്നും ദിവ്യ ചോദിച്ചു. ആത്മഹത്യ അല്ല മാർഗം. നവീൻ ബാബുവിന് പലമാർഗങ്ങളും സ്വീകരിക്കാമായിരുന്നു. പ്രസംഗം കഴിഞ്ഞ് കുറേ സമയം കഴിഞ്ഞാണ് നവീൻ ജീവനൊടുക്കിയത്.
പൊതുപരിപാടിലാണ് പങ്കെടുത്തത്. നടന്നത് രഹസ്യ യോഗം അല്ല. പരിപാടിയിൽ ഒരു മാധ്യമം വന്നതിൽ എന്താണ് തെറ്റെന്നും ദിവ്യ ചോദിച്ചു. താൻ പറയുന്നത് എല്ലാവരും അറിയാനാണ് പ്രാദേശിക ചാനലിനെ വിളിച്ചത്.
തന്റെ കുടുംബം പ്രതിസന്ധിയിലായി. മുൻകൂർ ജാമ്യം നൽകണമെന്നും അതിന് ഏത് ഉപാധിയും അംഗീകരിക്കാൻ തയാറാണെന്നും ദിവ്യ കോടതിയെ അറിയിച്ചു. കോടതിയിൽ വാദം തുടരുകയാണ്.