അങ്ങനങ്ങ് പോയാലോ! റിക്കാർഡ് ഉയരത്തിൽനിന്നു വീണ് സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ
Thursday, October 24, 2024 11:03 AM IST
കൊച്ചി: റിക്കാര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് താഴേക്ക്. പവന് ഒറ്റയടിക്ക് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, സ്വർണവില പവന് 58,280 രൂപയിലും ഗ്രാമിന് 7,285 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 കുറഞ്ഞ് 6,010 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 48,080 രൂപയിലുമെത്തി.
ബുധനാഴ്ച പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വർധിച്ചിരുന്നു. രണ്ടാഴ്ച കൊണ്ട് പവന് 2,520 രൂപയും ഗ്രാമിന് 315 രൂപയും കൂടി. 59,000 രൂപയെന്ന നാഴികക്കല്ലിലേക്ക് വെറും 280 രൂപയുടെ അകലം മാത്രമുണ്ടായിരുന്നപ്പോഴാണ് ഇന്ന് വില താഴേക്കുപോയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ബുധനാഴ്ച ഔൺസിന് 2,758 ഡോളർ എന്ന സർവകാല റിക്കാർഡിലായിരുന്ന രാജ്യാന്തര സ്വർണവില, ഇന്ന് 2,713 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം 2,726 ഡോളറിലേക്ക് തിരിച്ചുകയറി.
റിക്കാർഡ് ഉയരത്തിൽ നിന്ന് വെള്ളിവിലയും താഴേക്കിറങ്ങി. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.