കണ്ണൂരിൽ ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് ; ജില്ലാ കമ്മിറ്റിയിൽനിന്നു ദിവ്യ പുറത്തേക്ക്?
Thursday, October 24, 2024 9:44 AM IST
കണ്ണൂര്‍: പരസ്യ അധിക്ഷേപത്തില്‍ മനംനൊന്ത് കണ്ണൂര്‍ എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പി.പി. ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നു സിപിഎം നീക്കിയേക്കും.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ദിവ്യയോട് ആവശ്യപ്പെട്ടിരുന്നു.
ദിവ്യയെ ഒരു തരത്തിലും സംരക്ഷിക്കേണ്ടതില്ലെന്നതിന്റെ സൂചനയാണ് ഇന്നലെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സമ്മേളനത്തിൽ ഉദ്ഘാടനപ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനില്നിന്നുണ്ടായത്.
നിര്‍ഭയവും നീതിയുക്തവുമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ദിവ്യയോടുള്ള അതൃപ്തി വ്യക്തം.
സമ്മേളന കാലമായതിനാല്‍ ഡിസംബറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നു ദിവ്യയെ സ്വാഭാവികമായി ഒഴിവാക്കാമെന്നായിരുന്നു കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് യോഗ തീരുമാനം.
പോലീസ് റിപ്പോര്‍ട്ട് എതിരാകുകയും മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്താല്‍ പാര്‍ട്ടി നടപടിക്കു ജില്ലാ സമ്മേളനം വരെ കാത്തിരിക്കേണ്ടെന്ന നിലപാടിലാണു സിപിഎം. അങ്ങനെയെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ദിവ്യയുടെ ജില്ലാ കമ്മിറ്റി അംഗത്വം റദ്ദാക്കാനിടയുണ്ട്. ദിവ്യയെ ഇരിണാവ് ലോക്കല്‍ കമ്മിറ്റിയിലേക്കോ പാപ്പിനിശേരി ഏരിയാ കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണു സാധ്യത.
ഇന്നു കണ്ണൂരിൽ ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ദിവ്യയുടെ വിഷയം ചര്‍ച്ചയാകുമെങ്കിലും അച്ചടക്ക നടപടികളിലേക്കു കടക്കാന്‍ സാധ്യതയില്ല. സംസ്ഥാന നേതൃത്വത്തിന്റെകൂടി അനുമതിയോടെ വരുംദിവസങ്ങളിലാകും തരംതാഴ്ത്തലെന്നുമറിയുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഒരാഴ്ച കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യംചെയ്യാന്‍ ഇതുവരെ പോലീസ് തയാറായിട്ടില്ല. ദിവ്യ ഒളിവിലാണെന്നും ഫോണ്‍ ഓഫ് ആയതിനാല്‍ എവിടെയാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണു പോലീസ് ഭാഷ്യം.