ക്രീസിൽ പിടിച്ചുനിന്ന് മഴയും മിറാസും; ബംഗ്ലാദേശ് പൊരുതുന്നു
Wednesday, October 23, 2024 3:52 PM IST
മിർപുർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശ് ലീഡിനായി പൊരുതുന്നു. മഴയും വെളിച്ചക്കുറവും കളിമുടക്കുന്ന മൂന്നാംദിനം ആതിഥേയർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 283 റൺസെന്ന നിലയിലാണ്. 87 റൺസുമായി മെഹിദി ഹസൻ മിറാസും 16 റൺസുമായി നയീം ഹസനുമാണ് ക്രീസിൽ. നിലവിൽ അവർക്ക് 81 റൺസിന്റെ ലീഡുണ്ട്. സ്കോർ: ബംഗ്ലാദേശ്: 106 & 283/7, ദക്ഷിണാഫ്രിക്ക: 308.
മൂന്നിന് 103 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് രണ്ടു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ, ക്രീസിൽ നിലയുറപ്പിച്ചിരുന്ന ഓപ്പണർ മഹ്മുദുൽ ഹസൻ ജോയ്യെ നഷ്ടമായി. 40 റൺസെടുത്ത മഹ്മുദുലിനെ റബാഡ ബെഡിംഗ്ഹാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഒന്നിടവിട്ട പന്തിൽ മുഷ്ഫിഖുർ റഹീമിനെയും (33) പുറത്താക്കിയ റബാഡ വീണ്ടും പ്രഹരമേല്പിച്ചു. ഇതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുമ്പേ ഏഴുറൺസെടുത്ത ലിറ്റൺ ദാസിനെ കേശവ് മഹാരാജ് പുറത്താക്കിയതോടെ ആറിന് 112 റൺസെന്ന നിലയിൽ ബംഗ്ലാദേശ് തകർച്ചയെ നേരിട്ടു.
പിന്നീട് ക്രീസിൽ ഒന്നിച്ച മെഹിദി ഹസൻ മിറാസും ജാക്കർ അലിയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് 138 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 171 പന്തിൽ ഒമ്പത് ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് മിറാസ് 87 റൺസെടുത്തത്. ജാക്കർ അലി 111 പന്തിൽ ഏഴു ബൗണ്ടറികളോടെ 58 റൺസെടുത്തു.
ഇരുവരും ചേർന്ന് ബംഗ്ലാദേശിനെ 250 കടത്തിയതിനു പിന്നാലെ ജാക്കർ അലിയെ പുറത്താക്കി കേശവ് മഹാരാജ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ മഴയെത്തിയതോടെ കളി തടസപ്പെട്ടു. പിന്നീട് പുനരാരംഭിച്ചെങ്കിലും സ്കോർ 283 റൺസിൽ നില്ക്കെ വെളിച്ചക്കുറവിനെ തുടർന്ന് വീണ്ടും നിർത്തിവച്ചു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കഗീസോ റബാഡ 35 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ് 105 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തി.