ലോറൻസിന്റെ മൃതദേഹം പഠനത്തിനു വിട്ടുനൽകാം; മകളുടെ ഹർജി തള്ളി ഹൈക്കോടതി
Wednesday, October 23, 2024 2:52 PM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനു വിട്ടുനൽകാമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റീസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. മൃതദേഹം ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാന്‍ അനുമതി തേടിയാണ് ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ കോടതിയെ സമീപിച്ചത്.
ആശയെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബൻ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇതിന് സാക്ഷികളുണ്ടെന്നുമാണ് എം.എല്‍. സജീവന് ഹൈക്കോടതിയെ അറിയിച്ചത്.