വിശ്രമത്തിനു ശേഷം ഒറ്റക്കുതിപ്പ്! സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍, 59,000ലേക്ക്
Wednesday, October 23, 2024 11:39 AM IST
കൊച്ചി: സംസ്ഥാനത്ത് ഒരുദിവസത്തെ വിശ്രമത്തിനു ശേഷം സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവന് 58,720 രൂപയിലും ഗ്രാമിന് 7,340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ വർധിച്ച് 6,055 രൂപയിലെത്തി.
തിങ്കളാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ച് സർവകാല റിക്കാർഡിലെത്തിയ സ്വർണം ചൊവ്വാഴ്ച മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും കുതിച്ചത്. 59,000 രൂപയെന്ന നാഴികക്കല്ലിലേക്ക് ഇനി വെറും 280 രൂപയുടെ അകലം മാത്രമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,520 രൂപയും ഗ്രാമിന് 315 രൂപയുമാണ് കൂടിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്.
ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ചൊവ്വാഴ്ച കുറിച്ച ഔൺസിന് 2,732 ഡോളർ എന്ന റിക്കാർഡ് പഴങ്കഥയാക്കി ഇന്ന് 2,748.68 ഡോളറിലെത്തി.
വെള്ളിവിലയും കുതിക്കുകയാണ്. ഇന്നും ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 107 രൂപയായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വെള്ളി വില കൂടുന്നത്.