എം.എം. ലോറന്‍സിന്റെ മൃതദേഹം കൈമാറ്റം: മകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
Wednesday, October 23, 2024 8:33 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കാൻ കളമശേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം ചോദ്യംചെയ്ത് മകള്‍ ആശ ലോറന്‍സ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാകും വിധി പറയുക.
മൃതദേഹം ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാന്‍ അനുമതി തേടിയാണ് ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ കോടതിയെ സമീപിച്ചത്. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്കിയില്ലെങ്കില് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും.
ആശയെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബൻ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇതിന് സാക്ഷികളുണ്ടെന്നുമാണ് എം.എല്‍. സജീവന് ഹൈക്കോടതിയെ അറിയിച്ചത്.
ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉള്‍പ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. നിലവില്‍ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.