പൊണ്ണത്തടി, അച്ചടക്കമില്ലായ്മ; പൃഥ്വിഷായെ ഒഴിവാക്കി മുംബൈ
Tuesday, October 22, 2024 8:06 PM IST
മുംബൈ: ഏറെ പ്രതീക്ഷയോടെ ക്രിക്കറ്റ് ലോകം കണ്ടിരുന്ന മുംബൈ ഓപ്പണർ പൃഥ്വിഷായുടെ കരിയർ അവസാനിക്കുകയാണോ... സാധ്യത വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. അച്ചടക്കമില്ലായ്മയുടെയും പൊണ്ണത്തടിയുടെയും പേരിൽ യുവതാരത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ രഞ്ജി ടീമിൽ നിന്നും ഒഴിവാക്കി.
ത്രിപുരയ്ക്കെതിരായ അടുത്ത മത്സരത്തിനുള്ള ടീമിൽ നിന്നുമാണ് 24 വയസുകാരനായ താരത്തെ മാറ്റി നിർത്തിയത്. ടീം പരിശീലന ക്യാമ്പിൽ പങ്കെടുക്കാത്തതിന്റെ പേരിലും അമിത വണ്ണവുമാണ് താരത്തിന് വിനയായത്.
ചെറുപ്രായത്തിൽ തന്നെ ഇന്ത്യയ്ക്കായി അഞ്ച് ടെസ്റ്റുകളിലും ആറ് ഏകദിനങ്ങളിലും ഒരു ട്വന്റി-20 മത്സരത്തിലും പാഡണിഞ്ഞ ഷാ അടുത്തിടെയെല്ലാം വിവാദങ്ങളിൽ നിറഞ്ഞിരുന്നു. മദ്യപിച്ച് റോഡിലും ബാറിലും വഴക്കുണ്ടാക്കിയതിന്റെ പേരിൽ താരത്തിനെതിരേ പരാതികൾ ഉയർന്നിരുന്നു.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ ചില മികച്ച പ്രകടനങ്ങൾ വഴിയും ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരേ രണ്ടാം ഇന്നിംഗ്സിൽ നേടിയ അർധ സെഞ്ചുറിയിലൂടെയും (76) ഷാ തിരിച്ചുവരുന്നു എന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് പുതിയ വിവാദം. ഈ സീസണിലെ ആദ്യ രണ്ട് രഞ്ജി മത്സരങ്ങളിൽ 7, 12, 1, 39 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകൾ.
നിലവിലെ സ്ഥിതിയിൽ താരത്തിന്റെ ഐപിഎൽ കരിയറും തുലാസിലാകാനാണ് സാധ്യത. ഡൽഹി ക്യാപിറ്റൽസ് താരമായ ഷായെ ടീം ഇനി നിലനിർത്തുമോ എന്നും കണ്ടറിയണം. ചെറുപ്രായത്തിൽ തന്നെ ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായി ഷായെ ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തിയിരുന്നു. ആക്രമണോത്സുക ബാറ്റിംഗ് വഴി താരം വരവറിയിക്കുകയും ചെയ്തു.
അണ്ടർ 19 ലോകകപ്പിൽ ഷായുടെ നായകത്വത്തിൽ ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. ഒപ്പമുണ്ടായിരുന്ന ശുഭ്മാൻ ഗിൽ, അർഷദീപ് സിംഗ്, റിയാൻ പരാഗ്, അഭിഷേക് ശർമ തുടങ്ങിയവരൊക്കെ ടീം ഇന്ത്യയുടെ ഭാഗമായപ്പോൾ നായകന്റെ ക്രിക്കറ്റ് കരിയറിന് തന്നെ ചോദ്യ ചിഹ്നം ഉയർന്നിരിക്കുകയാണ്.