ജെപിസി യോഗത്തിൽ വാക്കേറ്റം; തൃണമൂൽ എംപിക്ക് സസ്പെൻഷൻ
Tuesday, October 22, 2024 5:11 PM IST
ന്യൂഡൽഹി : വഖ്ഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ വാക്കുതർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത്ത് ഗംഗോപാധ്യായുമായാണ് തർക്കമുണ്ടായത്. രൂക്ഷമായ വാക്കു തർക്കത്തിനിടെ കല്യാൺ ബാനർജി മേശപ്പുറത്തിരുന്ന വെള്ളക്കുപ്പി അടിച്ചു പൊട്ടിച്ചു.
ചില്ലു കുപ്പി പൊട്ടി കല്യാൺ ബാനർജിയുടെ കൈക്ക് പരിക്കേറ്റു. ഇതിനു പിന്നാലെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറങ്ങി. വഖഫ് സംയുക്ത പാർലമെന്ററി സമിതിയിൽ നിന്ന് ഒരു ദിവസത്തേക്കാണ് ബാനർജിയെ സസ്പെൻഡ് ചെയ്തത്. ബാനർജിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തതെന്നും തൃണമൂൽ എംപിയുടെ സസ്പെൻഷനെ അനുകൂലിച്ച് ഒമ്പതും എതിർത്ത് ഏഴ് വോട്ടും ലഭിച്ചെന്നും അധികൃതർ അറിയിച്ചു.
ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി വഖഫ് ബില്ലിൽ വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. അതേസമയം കഴിഞ്ഞ ആഴ്ചയും കല്യാൺ ബാനർജി ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ എന്നിവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ബിജെപി എംപിമാർ അപകീർത്തികരമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനിടെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി. തുടർന്ന് ബിജെപി അംഗങ്ങളും ഒവൈസിയും തമ്മിലും വാക്കേറ്റമുണ്ടായി. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനാണ് കല്യാൺ ബാനർജിയെ സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.