വീരനായി വെരെയ്ൻ! സെഞ്ചുറിക്കരുത്തിൽ ലീഡ് പിടിച്ച് ദക്ഷിണാഫ്രിക്ക
Tuesday, October 22, 2024 2:31 PM IST
ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ നിർണായക ലീഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഒന്നാമിന്നിംഗ്സിൽ സന്ദർശകർ 308 റൺസിനു പുറത്തായി. ബാറ്റിംഗ് തകർച്ചയ്ക്കിടെ സെഞ്ചുറിയോടെ പിടിച്ചുനിന്ന കെയ്ൽ വെരെയ്നിന്റെയും (114) അർധസെഞ്ചുറി നേടിയ വിയാം മുൾഡറിന്റെയും (54) മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. ഇതോടെ അവർക്ക് 202 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡുണ്ട്.
നേരത്തെ, ആറിന് 140 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ വെരെയ്നും മുൾഡറും ചേർന്ന് തോളിലേറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 119 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 227 റൺസിൽ നില്ക്കെ വിയാൻ മുൾഡറെ പുറത്താക്കി ഹസൻ മഹ്മൂദാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ നല്കിയത്.
പിന്നാലെയെത്തിയ കേശവ് മഹാരാജിനെ (പൂജ്യം) നിലയുറപ്പിക്കാനാകുംമുമ്പേ തൊട്ടടുത്ത പന്തിൽതന്നെ ഹസൻ മഹ്മൂദ് പുറത്താക്കി. എട്ടിന് 227 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ തുടർന്ന് വെരെയ്നും ഡെയ്ൻ പീറ്റും (32) ചേർന്ന് പിടിച്ചുനിർത്തി. എന്നാൽ സ്കോർ 293 റൺസിൽ നില്ക്കെ ഡെയ്ൻ പീറ്റിനെ മെഹ്ദി ഹസൻ മിറാസ് വിക്കറ്റിനു മുന്നിൽ കുടുക്കി.
തുടർന്ന്, കഗീസോ റബാഡയെ (രണ്ട്) ഒരറ്റത്തു നിർത്തി വെരെയ്ൻ സ്കോർ 300 കടത്തി. ഒടുവിൽ അവസാന വിക്കറ്റായി വെരെയ്ൻ ഹസൻ മഹ്മൂദിനു മുന്നിൽ കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ യാത്ര 308 റൺസിൽ അവസാനിച്ചു. 144 പന്തിൽ എട്ടു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് വെരെയ്ന്റെ ഇന്നിംഗ്സ്.
ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം അഞ്ചുവിക്കറ്റും ഹസൻ മഹ്മൂദ് മൂന്നും മെഹ്ദി ഹസൻ മിറാസ് രണ്ടുവിക്കറ്റും വീഴ്ത്തി.
അതേസമയം, രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശും ബാറ്റിംഗ് തകർച്ചയെ നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറോവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിലാണ്. മൂന്നു റൺസുമായി മഹ്മുദുൽ ഹസൻ ജോയ്യും നാലു റൺസുമായി ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്റോയുമാണ് ക്രീസിൽ.
ഷദ്മാൻ ഇസ്ലാം (ഒന്ന്), മോമിനുൾ ഹഖ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കഗിസോ റബാഡയാണ് രണ്ടുവിക്കറ്റുകളും വീഴ്ത്തിയത്.