രഥോത്സവവും വോട്ടെടുപ്പും നവംബർ 13ന്: ക്രമസമാധാനപ്രശ്നമില്ലെന്ന് ജില്ലാ കളക്ടർ
Tuesday, October 22, 2024 11:59 AM IST
പാലക്കാട്: കല്പാത്തി രഥോത്സവവും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പും ഒരേദിവസം വരുന്പോൾ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്ന ക്രമസമാധാനപ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എസ്. ചിത്ര.
രഥോത്സവത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടേത് കമ്മീഷനാണെന്നും കളക്ടര്‍ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
തെരഞ്ഞെടുപ്പും രഥോത്സവവും നടക്കുന്ന നവംബര്‍ 13ന് ആവശ്യമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. രഥോത്സവം നടക്കുന്നതിനാല്‍ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ 13ന് രഥോത്സവം തുടങ്ങുന്ന ആദ്യദിവസം ആയതിനാല്‍ അന്ന് തെരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണെന്നാണ് ബിജെപിയും കോണ്‍ഗ്രസും അറിയിച്ചത്.
തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പുകമ്മിഷന് നല്‍കിയിരുന്നു. രഥോത്സവത്തിന് മുന്‍പോ പിന്‍പോ ഉചിതമായ ദിനം കണ്ടെത്തണമെന്നും രഥോത്സവദിനത്തിലെ തെരഞ്ഞെടുപ്പ് പോളിംഗിനെ ബാധിക്കുമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും വ്യക്തമാക്കിയിരുന്നു.
തീയതിമാറ്റം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പില്‍ എംപിയും നേരത്തെ പ്രതീകരിച്ചിരുന്നു.