ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു
Tuesday, October 22, 2024 10:59 AM IST
ന്യൂഡല്‍ഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യയിലെ കസാൻ നഗരത്തിൽ ഇന്നും ബുധനാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്.
പുടിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ആഗോള വികസന അജൻഡ, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.
ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കുന്ന മോദി അദ്ദേഹവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കസാന്‍ സന്ദര്‍ശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. ജൂലൈയില്‍ 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു.