എ.കെ.ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് സൂചന
Tuesday, October 22, 2024 7:40 AM IST
പാലക്കാട്: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് സൂചന. ഇന്ന് 10.45ന് ഷാനിബ് പാലക്കാട് വാർത്താ സമ്മേളനം നടത്തും.
പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഷാനിബിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയ പാർട്ടിയുടെ തീരുമാനത്തിനെതിരെയാണ് ഷാനിബ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കൂടിയാലോചനകൾ നടത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പിൽ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയർത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ.കെ.ഷാനിബിനെതിരെ നടപടി എടുത്തത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ പാർട്ടിയിൽ നടക്കുന്നതെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. സരിൻ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണെന്നും ഷാനിബ് പറഞ്ഞിരുന്നു. ഇങ്ങനെ പോയാൽ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാകും എന്നും അദ്ദേഹം പറഞ്ഞു.