ശബരിമല തീർഥാടനം; വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
Monday, October 21, 2024 9:34 PM IST
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി ആശുപത്രിയിൽ മതിയായ സൗകര്യങ്ങളൊരുക്കും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ കര്‍ശന പരിശോധനകള്‍ നടത്തും.
ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്ട്രോള് റൂം സ്ഥാപിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന് റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും.
പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തും. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.