മുഖ്യമന്ത്രി ബിജെപി നിയന്ത്രണത്തിൽ; പിണറായി ഒരു ചുക്കും ചെയ്യാത്ത പോങ്ങൻ: കെ.സുധാകരന്
Monday, October 21, 2024 8:26 PM IST
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിലാണ്. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല. തൊടരുതെന്നാണ് നിർദേശം. പിണറായി വിജയന്റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല വീടാണ്.
മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാലക്കാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം സുനിശ്ചിതമാണ്. തുടക്കത്തില്‍ വിജയം സംബന്ധിച്ച് ചെറിയ സംശയമുണ്ടായിരുന്നു.
എന്നാല്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഇന്നത്തോടെ എനിക്കുറപ്പായി. ജയിച്ചിരിക്കുമെന്ന് വെല്ലുവിളിക്കാന്‍ ആത്മവിശ്വാസം ഇപ്പോഴുണ്ട്. പിണറായി വിജയന്റെ ഈ കാലഘട്ടം അവസാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിപിഎമ്മില്‍ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഡിഎമ്മിന്റെ മരണം സംഭവിച്ചിട്ടും അദ്ദേഹത്തിന്റെ കുടുംബത്തെ ഒരു അനുശോചനം പോലും അറിയിക്കാതെ മുഖ്യമന്ത്രി മരം പോലെ നില്‍ക്കുകയാണ്. എഡിഎമ്മിനെ കുറിച്ച് അപവാദം പറഞ്ഞ് മരണത്തിലേക്കെത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബവും സിപിഎമ്മാണ്. കൊല്ലാന്‍ വേണ്ടി ആക്ഷേപം ഉന്നയിച്ചയാളും സിപിഎമ്മാണ്.
എഡിഎമ്മിന്റെ ഭാര്യയോ മക്കളേയോ ഒരു അനുശോചനം പോലും അറിയിക്കാത്ത പിണറായി വിജയന് എന്ത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണം. എട്ട് വര്‍ഷമായി ആ മുഖ്യമന്ത്രി കേരളം ഭരിക്കുന്നു. സാധാരണക്കാരുടെ ജീവിതം പോലും ചോദ്യചിഹ്നമായി മാറിനില്ക്കുന്നു.
കാര്‍ഷിക രംഗത്തോ വിദ്യാഭ്യാസ രംഗത്തോ വ്യാവസായിക രംഗത്തോ ഒരു ചുക്കും ചെയ്യാത്ത ഒരു മുഖ്യമന്ത്രി എന്തിനാണ് കേരളത്തിനെന്ന് ഇടതുപക്ഷക്കാര്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.