സ്വന്തം നാട്ടിൽ ബംഗ്ലാദേശ് 106നു പുറത്ത്; മറുപടിയിൽ ദക്ഷിണാഫ്രിക്കയ്ക്കും തകർച്ച
Monday, October 21, 2024 3:57 PM IST
ധാക്ക: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് കൂട്ടത്തകർച്ച. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഒന്നാമിന്നിംഗ്സിൽ 106 റൺസിനു പുറത്തായി. 30 റൺസെടുത്ത മഹ്മുദുൽ ഹസന് ജോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
മഹ്മുദുല്‍ ഹസന് പുറമെ മുഷ്ഫിഖുര്‍ റഹീം (11), മെഹിദി ഹസന് മിറാസ് (13), തയ്ജുല്‍ ഇസ്ലാം (16) എന്നിവർക്കു മാത്രമേ രണ്ടക്കം പോലും കാണാനായുള്ളൂ. ഷദ്മാന്‍ ഇസ്ലാം (പൂജ്യം), മോമിനുള്‍ ഹഖ് (നാല്), നജ്മുല്‍ ഹുസൈന് ഷാന്റോ (ഏഴ്), ലിറ്റണ്‍ ദാസ് (ഒന്ന്), ജാകര്‍ അലി (രണ്ട്), നയീം ഹസന് (എട്ട്) എന്നിവർ നിരാശപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാഡ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ കുഞ്ഞൻ സ്കോറിൽ ഒതുക്കിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയും ബാറ്റിംഗ് തകർച്ചയെ നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തിട്ടുണ്ട്. കെയ്ൽ വെരെയ്ൻ (മൂന്ന്), വിയാൻ മുൾഡർ (പൂജ്യം) എന്നിവരാണ് ക്രീസിൽ.
എയ്ഡന്‍ മാര്‍ക്രം (ആറ്), ട്രിസ്റ്റണ്‍ സ്റ്റബ്സ് (23), ഡേവിഡ് ബെഡിഗ്ഹാം (11), ടോണി ഡി സോര്‍സി (30), റയാൻ റിക്കിൾട്ടൺ (27), മാത്യു ബ്രീത്സ്കി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
അഞ്ചുവിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്ലാമാണ് ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകർത്തത്. ശേഷിക്കുന്ന ഒരു വിക്കറ്റ് ഹസന് മഹ്മൂദിനാണ്.