വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് വിമാനയാത്രാ വിലക്കേര്‍പ്പെടുത്തും: വ്യോമയാനമന്ത്രി
Monday, October 21, 2024 3:21 PM IST
ന്യൃഡൽഹി: വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി ഗൗരവമുള്ള വിഷയമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വ്യാജകോളുകള്‍ ചെയ്യുന്നവര്‍ക്ക് വ്യോമയാത്രാനിരോധനം ഏര്‍പ്പെടുത്തും. ഇതിനായി നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ കഴിയുന്നവിധമാണ് ഭേദഗതി കൊണ്ടുവരിക.
വ്യാജ ബോംബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ജയില്‍ശിക്ഷയും പിഴയും ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ചു ദിവസത്തിനിടെ 125 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസുകളെ ഗൗരവമായി കണ്ടാണ് അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോകുന്നത്. ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. വിമാനങ്ങളുടെ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളെയാണ് ഇത് ബാധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.