കേരളീയത്തിൽ സ്പോൺസർഷിപ്പായി കിട്ടിയത് 11.47 കോടി; പരസ്യത്തിനു മാത്രം പൊടിച്ചത് 25 ലക്ഷം
Monday, October 21, 2024 2:51 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2023ലെ കേരളീയം പരിപാടിക്കുവേണ്ടി ആകെ ചെലവഴിച്ചത് അഞ്ചരക്കോടിയോളം രൂപ. ആകെ 5,68,25,000 രൂപയാണ് കേരളീയം പരിപാടിക്ക് വേണ്ടി ടൂറിസം വകുപ്പ് ചെലവഴിച്ചത്. നിയമസഭയിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ വിശദമാക്കിയത്.
കേരളീയം നടത്തിപ്പിനായി പിആര്‍ഡി വകുപ്പ് ഡയറക്ടറുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. ഇത് പ്രകാരം സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ മാത്രം 11,47,19,674 കോടിയാണ് അക്കൗണ്ടിലേക്ക് ലഭിച്ചത്. എന്നാൽ പണം നൽകിയവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.
കേരളീയത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി 2023 ഒക്ടോബര്‍ 26ന് ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ വീഡിയോ, പോസ്റ്റര്‍ പ്രചരണത്തിന് വേണ്ടി മാത്രം 8.29 ലക്ഷം രൂപ ടൂറിസം വകുപ്പ് ചെലവാക്കി.
വിവിധ ഏജൻസികൾക്ക് നൽകാനുള്ള കുടിശിക നൽകാനായി 4.63 കോടി അനുവദിച്ചതായും നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്കി.
2023 നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തലസ്ഥാനത്തെ വിവിധ വേദികളിലാണ് കേരളീയം പരിപാടി നടത്തിയത്. കേരളത്തിന്റെ വികസന മാതൃകകള്‍ ലോക ശ്രദ്ധയില്‍ എത്തിക്കുക, കേരളത്തെ ബ്രാന്‍ഡാക്കുക, അതുവഴി നിക്ഷേപം കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.