എഡിഎമ്മിന്റെ മരണം: അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തിയില്ലെന്ന് മന്ത്രി ശിവന്‍കുട്ടി
Monday, October 21, 2024 2:14 PM IST
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേഗത്തിലും സമഗ്രവുമായ അന്വേഷണമാണ് നടത്തുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നവീന്‍ബാബുവിന്റെ കുടുംബം അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച കുടുംബാംഗങ്ങളെ മന്ത്രി ശിവന്‍കുട്ടി സന്ദര്‍ശിച്ചിരുന്നു.
അന്വേഷണം ഉടനടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് ഇതിനകം കേസെടുത്തിട്ടുണ്ടെന്നും സര്‍ക്കാരും പാര്‍ട്ടിയും അടിയന്തരവും ആവശ്യവുമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
സിപിഎമ്മിന്റെ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ട്ടിയും സര്‍ക്കാരും നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു. നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.