കളിയിലെ താരമായി മഴ; കേരളം - കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍
Monday, October 21, 2024 1:28 PM IST
ആലൂര്: സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ. കേരളം - കര്‍ണാടക രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് ഉപയോഗ യോഗ്യമല്ലാത്തിനാലാണ് നാലാംദിനം മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു.
ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. മൂന്ന്, നാല് ദിവസങ്ങളില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ദിനത്തെ അവസാന സെഷനും മൂന്നാംദിനവും മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.
കളി തടസപ്പെടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെന്ന നിലയിലായിരുന്നു കേരളം. 15 റണ്‍സുമായി സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും പുറത്താകാതെ നിന്നു. വത്സല്‍ ഗോവിന്ദ് (31), രോഹന് കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. നേരത്തെ ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു.
സിക്സടിച്ചാണ് ശനിയാഴ്ച സഞ്ജു ഇന്നിംഗ്സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം തുടരാന്‍ സാധിച്ചില്ല.
ഗ്രൂപ്പ് സിയില്‍ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ശനിയാഴ്ച കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദി.