കണ്ണൂർ കളക്ട്രേറ്റിലേക്ക് ബിജെപി മാർച്ച്; സംഘർഷം, പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി
Monday, October 21, 2024 1:27 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ട്രേറ്റിലേക്ക് ബിജെപി മാർച്ച്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് പോലീസ് സിവിൽ സ്റ്റേഷനുമുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണയാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപിരങ്കി പ്രയോഗിച്ചത്. ഇതിനിടെ വനിതാ പ്രവർത്തകർ കളക്ട്രേറ്റിന്റെ മതിൽ ചാടി കടക്കാൻ ശ്രമിച്ചു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ പോലീസ് സംരക്ഷിക്കുകയാണെന്നും ദിവ്യയുടെ മൊഴി രേഖപ്പെടുത്താൻ തയാറാകാത്ത പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഉന്നയിച്ചായിരുന്നു ബിജെപി പ്രതിഷേധം. ജില്ലാ കളക്ടറെ മാറ്റിനിർത്തി അന്വേഷണം വേണമെന്നും സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.