"കാവിക്കോട്ടയിലേക്ക് സ്വാഗതം': ശോഭ സുരേന്ദ്രനെ അനുകൂലിച്ചുള്ള പോസ്റ്റർ കത്തിച്ച നിലയിൽ
Monday, October 21, 2024 12:55 PM IST
പാലക്കാട്: ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കത്തിച്ച നിലയിൽ. ഇന്നു രാവിലെയോടെയാണ് പാലക്കാട് നഗരസഭാകാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡിന്റെ ഒരു ഭാഗം കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.
ശോഭാ സുരേന്ദ്രന് പാലക്കാട്ടെ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് കത്തിച്ചത്. ആസൂത്രിതമായി ഫ്ലക്സ് കത്തിച്ചതാണെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. എന്നാൽ ഇവിടെ സി. കൃഷ്ണകുമാറിനെയാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്.
ഇതിനിടെയാണ് ശോഭയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.