എൽഡിഎഫ്-യുഡിഎഫ് ഡീൽ പാലക്കാട്ട് പൊളിഞ്ഞ് പാളിസാകുമെന്ന് കെ. സുരേന്ദ്രൻ
Monday, October 21, 2024 12:02 PM IST
തിരുവനന്തപുരം: ബിജെപിക്ക് എതിരായി എൽഡിഎഫ്-യുഡിഎഫ് ഡീൽ പരസ്യമായി ഉണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പാലക്കാടും മഞ്ചേശ്വരത്തും നേമത്തും എല്ലാം ഇത് കണ്ടതാണ്. അത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത് ജനങ്ങൽ തിരിച്ചറിയും. ഇത്തവണ എൽഡിഎഫ്-യുഡിഎഫ് ഡീൽ പാലക്കാട്ട് പൊളിഞ്ഞ് പാളിസാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയതുകൊണ്ടാണു ഷാഫി പറമ്പില്‍ വിജയിച്ചതെന്ന പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി പി. സരിന്റെ പരാമർശത്തിൽ പ്രതികരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രി തയാറായിട്ടില്ല.
എ.കെ. ബാലൻ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തന്നെ ഇത് സമതിച്ചതാണ്. വർഷങ്ങളായി ബിജെപി ഉന്നയിക്കുന്ന ഒരു വസ്തുതയാണ് ഇപ്പോൾ സ്ഥിരികരിക്കപ്പെട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പ്രസ്താവന വിവാദമായതോടെ ഷാഫിക്കു സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിനു കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്കു ലഭിച്ചു എന്നാണു പറഞ്ഞതെന്നും സരിൻ വിശദീകരിച്ചിരുന്നു.
ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ കൂട്ടിച്ചേർത്തു. അന്നു മത്സരിച്ച സി.പി. പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്.
അതിനുള്ള കണക്കുതീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി.പി. പ്രമോദിനെ ഒപ്പംനിർത്തിയായിരുന്നു സരിന്റെ പ്രതികരണം.