ദിവ്യയുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി
Monday, October 21, 2024 11:35 AM IST
തലശേരി: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപി എം ജില്ലാ കമ്മറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി.
ഹർജി ഇന്ന് ഫയലിൽ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേൾക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ പ്രമുഖ അഭിഭാഷകന് കെ. വിശ്വന് മുഖേനയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയൽ ചെയ്തത്.
പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിൽ എത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവിൽ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു.
കളക്ടർ പറഞ്ഞതനുസരിച്ചാണ് എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്നാണു ദിവ്യ ഹർജിയിൽ പറയുന്നത്. 14ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്ന സാമൂഹ്യ പക്ഷാചരണ പരിപാടിയില്‍ താന്‍ ഉദ്ഘാടകയും ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് മുഖ്യാതിഥിയുമായിരുന്നു. ഇതിനിടെയായിരുന്നു എഡിഎം നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞത്.
നിങ്ങള്‍ വരില്ലേയെന്ന് തന്നോട് കളക്ടര്‍ ചോദിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു യാത്രയയപ്പ് തീരുമാനിച്ചത്. വൈകുന്നേരം ചടങ്ങിനെക്കുറിച്ച് ഓർമിച്ചപ്പോൾ കളക്ടറെ വിളിച്ചു ചോദിച്ചു. ചടങ്ങ് തുടങ്ങിയെന്നായിരുന്നു മറുപടി. ഉടനെ ചടങ്ങിൽ പങ്കെടുക്കാനെത്തി.
ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. ഫയലുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കഷ്ടപ്പാടുകള്‍ ഉണ്ടാകരുതെന്ന നിലപാടിലാണ് സാമൂഹ്യതാത്പര്യം മുന്‍നിര്‍ത്തി ചടങ്ങില്‍ സംസാരിച്ചതെന്ന് ദിവ്യ ഹർജിയിൽ പറയുന്നു.