സഞ്ജുവിന്റെ വെടിക്കെട്ട് കാണാൻ ഇന്നും കാത്തിരിക്കണം; നാലാംദിനവും മത്സരം വൈകുന്നു
Monday, October 21, 2024 10:26 AM IST
അലൂർ: കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ നാലാംദിനവും വില്ലനായി മഴ. നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് ഇന്നത്തെ മത്സരം വൈകുകയാണ്. രണ്ടാം ദിനത്തെ അവസാന സെഷനും മൂന്നാംദിനവും മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.
നാലാംദിനവും മഴ തുടരുന്നതിനാല്‍ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത. ഇരു ടീമുകളും പോയിന്റ് പങ്കിട്ടേക്കും. ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. മത്സരത്തില്‍ ഇതുവരെ 50 ഓവറുകള്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്.
രണ്ടാംദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെന്ന നിലയിലാണ് കേരളം. 15 റണ്‍സുമായി മികച്ച ഫോമിലുള്ള സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ 63 റണ്‍സ് നേടി.
വത്സല്‍ ഗോവിന്ദ് (31), രോഹന് കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാംദിനം കേരളത്തിന് നഷ്ടമായത്. നേരത്തെ ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 88 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിച്ചത്.
സിക്സടിച്ചാണ് ശനിയാഴ്ച സഞ്ജു ഇന്നിംഗ്സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം തുടരാന്‍ സാധിച്ചില്ല.