"കനിവിനോട്' കനിഞ്ഞ് സര്‍ക്കാര്‍; പക്ഷേ ശമ്പളവിതരണം നടത്താന്‍ കഴിയില്ലെന്ന് ആംബുലന്‍സ് കരാര്‍ കമ്പനി
Monday, October 21, 2024 8:43 AM IST
കൊച്ചി: കനിവ് 108 ആംബുലന്‍സ് സര്‍വീസിന് അടിയന്തര സാമ്പത്തികസഹായം നല്കി സര്‍ക്കാര്‍. എന്നാല്‍ ശമ്പള വിതരണം നടത്താന്‍ കഴിയില്ലെന്ന് കരാര്‍ കമ്പനി. കഴിഞ്ഞദിവസമാണ് കരാര്‍ കമ്പനിക്ക് അടിയന്തര സാമ്പത്തിക സഹായമായി 10കോടി രൂപ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അനുവദിച്ചത്.
എന്നാല്‍ ലഭിച്ച തുക അപര്യാപ്തമാണെന്നും 90 കോടി രൂപ കുടിശിക ഉള്ളതിനാല്‍ ശമ്പളവിതരണം നടത്താന്‍ കഴിയില്ലെന്നുമാണ് കരാര്‍ കമ്പനി പറയുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് എന്ന സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
നിലവില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുക മാസങ്ങളായി മുടങ്ങി കിടക്കുന്ന ആംബുലന്‍സുകളുടെ വായ്പാതുക, ഇന്ധന കുടിശിക, വാഹനങ്ങളുടെ അറ്റകുറ്റപണികളുടെ കുടിശിക, ഓക്സിജന്‍, മരുന്നുകള്‍ വാങ്ങിയതിലെ കുടിശിക ഉള്‍പ്പടെയുള്ളവ തീര്‍ക്കാന്‍ വേണ്ടി മാത്രം തികയൂ. അതിനാല്‍ ശമ്പളം നല്കാന് കഴിയില്ല എന്നാണ് കരാര്‍ കമ്പനി പറയുന്നത്.
ഡിസംബര്‍ മുതല്‍ നല്കിയ ബില്‍ തുകയില്‍ കുടശിക വന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന നിലപാടിലാണ് കമ്പനി.
പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് കമ്പനി നിയമപരമായി നടപടികള്‍ ആരംഭിച്ചെന്നും അടുത്തമാസം അഞ്ചോടെ പദ്ധതി അവസാനിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് കരാര്‍ കമ്പനി അറിയിപ്പുകള് നല്‍കിയിട്ടില്ല എന്നും വ്യക്തമായ മറുപടി നല്‍കുന്നില്ല എന്നും ജീവനക്കാര്‍ ആരോപിക്കുന്നു. നിലവില്‍ 1,400ല്‍ പരം ജീവനക്കാര്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ്.
എന്നാല്‍ സര്‍വീസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയില്‍ നിന്ന് യാതൊരു തരത്തിലുമുള്ള ഔദ്യോഗിക അറിയിപ്പുകള് ലഭിച്ചിട്ടില്ല എന്നും കരാര്‍ പുതുക്കി നല്കുന്ന നടപടികള്‍ നടക്കുകയാണെന്നും കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ 60 ശതമാനം വിഹിതം ലഭ്യമാക്കുന്നതിന് ധനകാര്യവകുപ്പിന്റെ അനുമതി ലഭിക്കുന്നതിലുള്ള കാലതാമസമാണ് പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയുന്നത്. 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മുഖേന സര്‍ക്കാര്‍ നല്‍കേണ്ട 70 കോടിയിലേറെ രൂപയുടെ വിഹിതം ഇതുവരെയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലഭിച്ചിട്ടില്ല.
ദേശീയ ആരോഗ്യദൗത്യത്തിന്റെ 40 ശതമാനം വിഹിതം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്.