പ്രതിഷേധ സാധ്യത: മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയിൽനിന്ന് വിട്ടുനിന്ന് കണ്ണൂർ കളക്ടർ
Sunday, October 20, 2024 11:36 AM IST
കണ്ണൂർ: മുഖ്യമന്ത്രിക്കൊപ്പം പിണറായിയിൽ പങ്കെടുക്കേണ്ട പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് അദ്ദേഹം ഔദ്യോഗിക പരിപാടി ഒഴിവാക്കിയത്.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ വ്യാപകമായി പ്രതിഷേധം ഉണ്ടായിരുന്നു. ശനിയാഴ്ച കളക്ടറേറ്റിലേക്ക് യുവജന സംഘടനകൾ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. ഇന്ന് പിണറായിയിലും പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കളക്ടർ പിൻമാറിയത്.
വിവാദങ്ങൾക്കിടെ ശനിയാഴ്ച രാത്രി കളക്ടർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായിയിലെ വീട്ടിലെത്തിയായിരുന്നു അരുൺ കെ. വിജയൻ മുഖ്യമന്ത്രിയെ കണ്ടത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് അരുൺ കെ.വിജയൻ മുഖ്യമന്ത്രിയെ കണ്ടത്. പിന്നീട് അദ്ദേഹം കളക്ട്രേറ്റിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.